ഷാർജയിൽ മഴയെ വകവെക്കാതെ പോളിംഗ് നടന്നു
ഷാർജ:ഷാര്ജ കണ്സൾട്ടേറ്റിവ് കൗണ്സിലിലേക്ക്(എസ്.സി.സി)നടന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ദിനമായ ബുധനാഴ്ച പെരുമഴയെ അവഗണിച്ച് കനത്ത പോളിങ്.പ്രത്യേക സംരക്ഷണം ആവശ്യമുള്ളവരും വയോധികരും സ്ത്രീകളും പ്രതികൂല കാലാവസ്ഥ വകവെക്കാതെ തന്നെ പോളിങ് കേന്ദ്രങ്ങളിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചു.നാലു ദിവസം നീണ്ടുനില്ക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമാണ് വിജയകരമായി പൂര്ത്തിയായത്.വോട്ടിങ്ങിനായി ഷാര്ജ യൂനിവേഴ്സിറ്റി ദൈദ് കാമ്പസ്,അല് ബതായ നഗരസഭ,മലിഹ കള്ച്ചറല് ക്ലബ്,മദാം നഗരസഭ,ഹംരിയ മുനിസിപ്പാലിറ്റി,ഖോര്ഫക്കാന് എക്സ്പോ സെന്റർ,ഷാര്ജ യൂനിവേഴ്സിറ്റി കല്ബ കാമ്പസ്,ദിബ്ബ അല് ഹിസ്ന് മുനിസിപ്പല് കൗണ്സില് തുടങ്ങി ഒമ്പത് പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്.60 വോട്ടുയന്ത്രങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.എല്ലാ യന്ത്രങ്ങളും കൃത്യമായ പ്രവര്ത്തനമാണ് കാഴ്ചവെച്ചത്.എല്ലാ ദിവസവും രാവിലെ എട്ടു മുതല് രാത്രി എട്ടു വരെയാണ് വോട്ടെടുപ്പ്.വോട്ടര്പട്ടികയില് പേര് രജിസ്റ്റര് ചെയ്ത ഷാര്ജ സ്വദേശികളാണ് ശൂറാ നിയമസംഹിത ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തിനായുള്ള തെരഞ്ഞെടുപ്പില് പങ്കെടുക്കുന്നത്.ബുധനാഴ്ച എല്ലാ വോട്ടെടുപ്പ് കേന്ദ്രങ്ങളിലും ശക്തമായ പോളിങ്ങാണ് രേഖപ്പെടുത്തിയതെന്ന് ഷാര്ജ കണ്സൾട്ടേറ്റിവ് കൗണ്സില് തെരഞ്ഞെടുപ്പ് ഹയര് കമ്മിറ്റി ചെയര്മാന് ഡോ.മന്സൂര് ബിന് നാസര് പറഞ്ഞു.യു.എ.ഇ സുപ്രീം കൗണ്സില് അംഗവും ഷാര്ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്ത്താന് ബിന് മുഹമ്മദ് അല് ഖാസിമിയുടെ ആഹ്വാനം നിറഞ്ഞ മനസ്സോടെ സ്വീകരിച്ച വോട്ടര്മാര്ക്ക് അദ്ദേഹം നന്ദി പറഞ്ഞു.ഒമ്പത് കേന്ദ്രങ്ങളിലായി ആകെ 25 പേരെയാണ് തിരഞ്ഞെടുക്കുക.25 പേരെ ശൈഖ് സുല്ത്താന് നേരിട്ട് നാമനിര്ദേശം ചെയ്യും.25 വയസ്സ് പിന്നിട്ട,യു.എ.ഇ പൗരത്വമുള്ള,സമ്പൂര്ണ സാക്ഷരതയുള്ള,ക്രിമിനല് കേസുകളില് അകപ്പെടാത്ത ആര്ക്കും തെരഞ്ഞെടുപ്പില് മത്സരിക്കാം.സ്ഥാനാർഥി അതത് മണ്ഡലത്തിലെ താമസക്കാരനായിരിക്കണം എന്ന നിബന്ധനയുണ്ട്.പോയവര്ഷം വനിതാ സംവരണം ഉണ്ടായിരന്നെങ്കിലും ഇത്തവണ അതുണ്ടായില്ല.തെരഞ്ഞെടുപ്പില് വിജയിക്കുന്നവര് സര്ക്കാര് ജോലിക്കാരാണെങ്കില് അത് രാജിവെക്കണം.നാലു വര്ഷത്തെ കാലാവധി പൂര്ത്തിയാക്കിയാല് വീണ്ടും പഴയ ജോലിക്ക് അപേക്ഷിക്കാനുള്ള അവസരമുണ്ട്.
21 November 2024