ഉപഭോക്തൃ സംരക്ഷണ നിയമത്തിന് യു.എ.ഇയിൽ കാബിനറ്റ് അംഗീകാരം
അബുദാബി:മികച്ച വ്യവഹാര സമ്പ്രദായങ്ങൾക്കനുസൃതമായി ഉപഭോക്തൃ സംരക്ഷണവും വില സ്ഥിരതയും ഉറപ്പുവരുത്തുന്നതിനായി യു.എ.ഇയിൽ പുതിയ ഉപഭോക്തൃ സംരക്ഷണ ഫെഡറൽ നിയമം നടപ്പാക്കാൻ യു.എ.ഇ കാബിനറ്റ് അംഗീകാരം നൽകി.യു.എ.ഇ പൗരന്മാരുടെയും താമസക്കാരുടെയും ജീവിതത്തെ ഒരുപോലെ ബാധിക്കുന്ന ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കുന്നതാണ് നിയമം.ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള നിയമനിർമാണ ഏകീകരണം ഉറപ്പാക്കുന്ന തരത്തിൽ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ (ജി.സി.സി) ഉപഭോക്തൃ സംരക്ഷണ ഏകീകൃത നിയമം അനുസരിച്ചാണ് പുതിയ നിയമം പുറപ്പെടുവിക്കുക.ഇലക്ട്രോണിക് വാണിജ്യ മേഖലയിലെ സാങ്കേതിക മുന്നേറ്റത്തിന്റെ ത്വരിതഗതിയിലുള്ള വളർച്ചയുടെ വെളിച്ചത്തിൽ ഉപയോക്താക്കൾക്ക് മതിയായ സംരക്ഷണം നൽകുന്നത് തുടരുന്നതിനാണ് നിയമം ലക്ഷ്യമിടുന്നത്.ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസൃതമായ ഉൽപാദന വിതരണ രീതികൾക്കനുസൃതമായി ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണം പുതിയ നിയമം ഉറപ്പാക്കും.ഉപഭോക്താക്കളെ പ്രതികൂലമായി ബാധിക്കുന്ന രീതികളെ നിയമം പരിമിതപ്പെടുത്തുകയും ചെയ്യും.സുസ്ഥിര ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുകയും ഉപയോക്താക്കൾക്ക് ന്യായമായ വിലയിൽ സ്വതന്ത്രമായി തിരഞ്ഞെടുക്കാനുള്ള അവകാശം നൽകുന്ന ഒരു സ്വതന്ത്ര വിപണി ഒരുക്കുന്നതിന് ആവശ്യമായ വ്യവസ്ഥകളും നിയമം നൽകും.ചരക്ക് സേവന നിർമാതാക്കൾക്കും വിതരണക്കാർക്കുമായി ധാർമിക കോഡ് സൃഷ്ടിക്കുന്നതിനും നിയമം സഹായിക്കും.ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട വിതരണക്കാർ,പരസ്യ ദാതാക്കൾ,വാണിജ്യ ഏജൻറുമാർ എന്നിവരുടെ പ്രവർത്തനങ്ങളും നിയമം നിയന്ത്രിക്കും.അസാധാരണ സാഹചര്യങ്ങളിലെ വില വർധനവ് നിയന്ത്രിക്കുന്നതിനും നിർമാതാവ് അല്ലെങ്കിൽ സ്ഥാപനത്തലവൻ നൽകുന്ന ചരക്കുകൾക്കും സേവനങ്ങൾക്കുമുള്ള ഗാരൻറി നൽകുന്നത് ഉറപ്പാക്കുകയും ഇ-കോമേഴ്സ് നിയന്ത്രിക്കുകയും ചെയ്യും.ഇക്കാര്യത്തിൽ ബാധകമായ പിഴകളും പരാതികളും പുതിയ നിയമം നിർണയിക്കും.യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കാബിനറ്റ് മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു.
13 January 2025