ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്ന വാര്‍ത്തകള്‍ ശരിവെച്ച് ഖത്തർ
ഖത്തർ:ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്ന കാര്യത്തില്‍ അനൗദ്യോഗിക
ചര്‍ച്ചകള്‍ നടന്നുവെന്ന വാര്‍ത്തകള്‍ ശരിവെച്ച് ഖത്തറും.നിര്‍ണായക കൂടിക്കാഴ്ചകള്‍ നടന്നതായും പ്രതിസന്ധി തീരുന്ന കാര്യത്തില്‍ ആശാവഹമായ പുരോഗതിയുണ്ടെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി.ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട രഹസ്യ ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നുവെന്നായിരുന്നു നേരത്തെ വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.ഈ വാര്‍ത്തകള്‍ ശരിവെക്കുന്ന രീതിയിലാണ് ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനിയുടെ പ്രതികരണം വന്നിരിക്കുന്നത്.തര്‍ക്കം പരിഹരിക്കുന്ന കാര്യത്തില്‍ നിര്‍ണായക ചര്‍ച്ചകള്‍ ഇതിനകം നടന്നതായി അദ്ദേഹം റോമില്‍ പറഞ്ഞു.ഈ ചര്‍ച്ചകള്‍ക്ക് നല്ല ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷ.തര്‍ക്ക വിഷയങ്ങളില്‍ നേരത്തെയുണ്ടായിരുന്ന മുരടിപ്പ് നീങ്ങിയിട്ടുണ്ട്.എന്നാല്‍ വിദേശകാര്യമന്ത്രി തന്നെ നേരിട്ട് സൗദിയിലെത്തി ചര്‍ച്ചകള്‍ നടത്തിയെന്ന വാര്‍ത്തകള്‍ ശരിവെക്കാതെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി.വിവിധയിടങ്ങളില്‍ വെച്ചാണ് ഈ ചര്‍ച്ചകള്‍ നടന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രി റിയാദില്‍ അടിയന്തര അനൗദ്യോഗിക സന്ദര്‍ശനം നടത്തുകയും സൗദി ഭരണാധികാരികളെ കണ്ട് ചര്‍ച്ച നടത്തുകയും ചെയ്തുവെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.ഇതിന് പിന്നാലെയാണ് ദോഹയില്‍ നടന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബോളിലേക്ക് സൗദിയും യു.എ.ഇയും ബഹ്റൈനും ടീമുകളെ അയച്ചത്.ഇതില്‍ സൗദി റിയാദില്‍ നിന്ന് നേരിട്ട് ദോഹയിലേക്ക് വിമാനമയച്ചാണ് ടീമിനെയെത്തിച്ചതെന്നതും ശ്രദ്ധേയമായി.കരവ്യോമ ഉപരോധം നിലവില്‍ വന്നതിന് ശേഷം ആദ്യമായാണ് റിയാദില്‍ നിന്നും ദോഹയിലേക്ക് വിമാനമെത്തിയത്. തുടര്‍ന്ന് വരുന്ന പത്തിന് റിയാദില്‍ നടക്കുന്ന ജി.സി.സി കൗൺസിൽ യോഗത്തിലേക്ക് സൗദി രാജാവ് ഖത്തര്‍ അമീറിനെ ക്ഷണിക്കുകയും ചെയ്തു.ഈ യോഗത്തില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.റിയാദില്‍ നടക്കുന്ന ജി.സി.സി യോഗത്തില്‍ വെച്ച് ഉപരോധവുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനങ്ങള്‍ പുറത്തുവരുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ കണക്കുകൂട്ടുന്നത്.
3 December 2024