മസ്കത്തിൽ ചെറുകിട–ഇടത്തരം സംരംഭങ്ങളിലും സ്വദേശിവത്കരണം ശക്തമാക്കും
മസ്കത്ത്:ചെറുകിട-ഇടത്തരം സംരംഭങ്ങളിലും സ്വദേശിവത്കരണ തോത് വർധിപ്പിക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയം ശ്രമമാരംഭിച്ചു.സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ മുന്നോടിയാണ് പുതിയ നീക്കം.വ്യവസായ മേഖലയിൽ 35 ശതമാനം സ്വദേശിവത്കരണമാണ് ലക്ഷ്യം വെക്കുന്നതെന്ന് മന്ത്രാലയത്തിലെ വ്യവസായ വിഭാഗം ഡയറക്ടർ ജനറൽ സാമി അൽ സാഹിബ് പറഞ്ഞു.സ്വകാര്യ മേഖല,പൊതു മേഖല സ്ഥാപനങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിന് ശേഷമാണ് തീരുമാനമുണ്ടായത്.വൻകിട സ്ഥാപനങ്ങളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തതായി സാമി അൽ സാഹിബ് പറഞ്ഞു.എല്ലാ വ്യവസായ സ്ഥാപനങ്ങളിലും 35 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാനാണ് മന്ത്രാലയം ശ്രമിക്കുന്നത്.സ്വദേശിവത്കരണം നടപ്പാക്കാത്ത കമ്പനികളിലും ഒമാനികൾക്ക് ജോലി ഉറപ്പാക്കുന്ന നടപടികളും ഉടൻ ആരംഭിക്കും.കമ്പനികളിൽ കൂടുതൽ ജോലിക്കാരെ വെക്കുക വഴി സ്ഥാപനങ്ങളുടെ ചെലവ് വർധിപ്പിക്കാൻ മന്ത്രാലയത്തിന് താൽപര്യമില്ല.അതിനു പകരം സ്വദേശികൾക്ക് നിയമനം ഉറപ്പുവരുത്തുന്നതിനാണ് ശ്രചെലുത്തുന്നത്.കൂടുതൽ ജോലിക്കാരെ വെക്കുന്നത് കമ്പനികളുടെ ചെലവു വർധിക്കാനും അതുവഴി ലാഭം കുറയാനും കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.നിരവധി വ്യവസായ സ്ഥാപനങ്ങൾ 35 ശതമാനം സ്വദേശിവത്കരണം ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.സ്വദേശിവത്കരണം ഉറപ്പുവരുത്താൻ കമ്പനികളെ സഹായിക്കാനും അധികൃതർക്ക് പദ്ധതികളുണ്ട്.ചില കമ്പനികൾ 35 ശതമാനം പൂർത്തിയാക്കാത്തത് തങ്ങൾ കാര്യമാക്കുന്നില്ലെന്നും ഇത്തരക്കാർക്ക് സ്വദേശിവത്കരണം വർധിപ്പിക്കാൻ പദ്ധതികളുണ്ടാകേണ്ടതുണ്ടെന്നും സാമി അൽ സാഹിബ് ചൂണ്ടിക്കാട്ടി.
28 January 2025