ദുബായിൽ തത്കാൽ പാസ്പോർട്ട് അപേക്ഷിച്ച ദിവസം തന്നെ ലഭിക്കും
ദുബായ്:വടക്കൻ എമിറേറ്റുകളിലെയും ദുബായിലെയും ഇന്ത്യൻ പ്രവാസികൾക്ക് പാസ്പോർട്ട് മുൻപത്തേക്കാൾ എളുപ്പം ലഭ്യമാവും.തത്കാൽ പാസ്പോർട്ടിന് അപേക്ഷിക്കുന്നവർക്ക് അന്ന് ലഭ്യമാക്കാൻ നടപടി കൈക്കൊള്ളുമെന്ന് കോൺസുൽ ജനറൽ വിപുൽ വ്യക്തമാക്കി.കോൺസുലേറ്റിൽ പ്രവാസി ഭാരതീയ ദിവസ് സമ്മേളന ചടങ്ങിലാണ് ഈ പ്രഖ്യാപനം.ബർദുബൈ അൽ ഖലീജ് സെന്ററിലെ ബി.എൽ.എസ് ഇൻറർനാഷനൽ ഓഫിസിൽ ദിവസവും ഉച്ചക്ക് മുമ്പ് അപേക്ഷ സമർപ്പിക്കുന്നവർക്കാണ് അന്ന് ആറരയോടെ പാസ്പോർട്ട് ലഭ്യമാക്കുക.നിലവിൽ 24 മണിക്കൂറിനകം തത്കാൽ പാസ്പോർട്ട് നൽകുന്നുണ്ട്.ഇനി അതിനേക്കാൾ നേരത്തേ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.36 പേജുള്ള പാസ്പോർട്ടിന് 855 ദിർഹവും 60 പേജുള്ളതിന് 950 ദിർഹവുമാണ് തത്കാൽ അപേക്ഷകർ നൽകേണ്ടത്.സാധാരണ അപേക്ഷകർക്ക് 36 പേജ് പാസ്പോർട്ടിന് 285 ദിർഹവും 60 പേജിന് 380 ദിർവുമാണ് ഫീസ്.അടിയന്തരമായി പാസ്പോർട്ട് ആവശ്യമുള്ളവർ,കാലാവധി കഴിഞ്ഞുവെന്ന് യാത്രാദിനത്തിന് തൊട്ടുമുമ്പ് മാത്രം തിരിച്ചറിയുന്നവർ എന്നിവർക്കെല്ലാം ഏറെ ഉപകാരമാവും ഈ സംവിധാനം.സാധാരണ പാസ്പോർട്ടുകൾ രണ്ടോ മൂന്നോ ദിവസം കൊണ്ട് വിതരണം ചെയ്യാനാവുന്നുണ്ടെന്ന് വിപുൽ പറഞ്ഞു.വേഗം നൽകാൻ ആരംഭിച്ചതോടെ തത്കാൽ അപേക്ഷകരുടെ എണ്ണത്തിൽ കുറവുണ്ട്.നേരത്തേ ദിവസേന 40 തത്കാൽ അപേക്ഷകൾ എത്തിയിരുന്ന സ്ഥാനത്ത് 15 മുതൽ 20 അപേക്ഷകളാണ് ഇപ്പോഴുള്ളത്.850 അപേക്ഷകളാണ് ശരാശരി ഒരു ദിവസം ഇന്ത്യൻ കോൺസുലേറ്റിൽ ൽ എത്തുന്നത്.രണ്ടു ലക്ഷത്തിലേറെ പാസ്പോർട്ടുകളും 2500 എമർജൻസി സർട്ടിഫിക്കറ്റുകളുമാണ് കോൺസുലേറ്റ് കഴിഞ്ഞവർഷം ലഭ്യമാക്കിയത്.2800 പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകളും 72,000 അറ്റസ്റ്റേഷൻ സേവനങ്ങളും നൽകി.
21 November 2024