ദുബായ് സർക്കാർ വകുപ്പുകളുടെ ഗുണമേന്മ പട്ടിക പുറത്തുവിട്ടു
ദുബായ്:സർക്കാർ വകുപ്പുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഗുണമേൻമ പട്ടിക ദുബായ് ഭരണകൂടം പുറത്തുവിട്ടു.ദുബായ് കിരീടാവകാശിയും ദുബായ്എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാനാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.ദുബായ് വൈദ്യുതി-ജലവിതരണ വകുപ്പിനാണ് ഒന്നാം സ്ഥാനം.പബ്ലിക് പ്രോസിക്യൂഷനാണ് ഏറ്റവും മോശം വിഭാഗം.നാല് മാസം മുൻപ് പ്രഖ്യാപിച്ചതനുസരിച്ച് നടത്തിയ പരിശോധനകൾക്കൊടുവിലാണ് ശൈഖ് ഹംദാൻ ബിൻ മുഹമ്മദിൻെറ പ്രഖ്യാപനം.ഉപഭോക്താക്കളുടെ തൃപ്തിയും സന്തോഷവും മുൻനിർത്തിയാണ് ഓരോ വകുപ്പുകളെയും വിലയിരുത്തിയതും മാർക്കിട്ടതും.90.1 ശതമാനം പോയൻറ് നേടിയാണ് വൈദ്യുതി,ജലവിതരണ വകുപ്പുകൾ ഒന്നാമതെത്തിയത്.89.3 ശതമാനവുമായി റോഡ്,ഗതാഗത വകുപ്പ്,88.6 ശതമാനവുമായി ആരോഗ്യ വിഭാഗം എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.പബ്ലിക് പ്രോസിക്യൂഷന് ലഭിച്ചത് 77.8 ശതമാനം പോയൻറ് മാത്രം.79.6 ശതമാനം നേടിയ ദുബായ് ലാൻഡ് ഡിപ്പാർട്ട്മെൻറും 81.8 ശതമാനവുമായി ദുബായ് കൾച്ചറൽ,കസ്റ്റംസ് വകുപ്പുകളും പിന്നാക്കം പോയി. 23 വകുപ്പുകളുടെ വിലയിരുത്തലിനൊടുവിലാണ് റിപ്പോർട്ട് പുറത്തു വിട്ടത്.പിന്നാക്കം പോയ വകുപ്പുകൾ രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് ശൈഖ് ഹംദാൻ ട്വീറ്റ് ചെയ്തു.നിലവാരം മെച്ചപ്പെടുത്താൻ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കണം.താൻ വ്യക്തിപരമായി ഇക്കാര്യങ്ങൾ നിരീക്ഷിക്കും.ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയവരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.നാല് മാസം മുൻപ് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം യു.എ.ഇയിലെ മികച്ച അഞ്ച് വിഭാഗങ്ങളെയും പിന്നാക്കം പോയ വകുപ്പുകളെയും പ്രഖ്യാപിച്ചിരുന്നു.രാജ്യത്തെ 600 കേന്ദ്രങ്ങളെ വിലയിരുത്തിയപ്പോൾ ഫുജൈറയിലെ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പാണ് ഒന്നാമതെത്തിയത്.അജ്മാനിലെ വിദ്യാഭ്യാസ മന്ത്രാലയം രണ്ടാം സ്ഥാനവും നേടിയിരുന്നു.ഫുജൈറയിലെ മനുഷ്യവിഭവ മന്ത്രാലയമാണ് ഏറ്റവും പിന്നിലായത്.
28 January 2025