അബുദാബിയിൽ ടോൾ ഗേറ്റുകൾ സജീവം
അബുദാബി:തലസ്ഥാന നഗരിയിലേക്കുള്ള സുപ്രധാന കവാടങ്ങളായ നാലു പാലങ്ങളിൽ സ്ഥാപിച്ച ടോൾ ഗേറ്റുകൾ വ്യാഴാഴ്ച വൈകീട്ട് അഞ്ചുമുതൽ ഏഴുവരെ സജീവമായി.ശനി മുതൽ രാവിലെ ഏഴുമുതൽ ഒമ്പതുവരെയും ടോൾ ഗേറ്റ് പ്രവർത്തിക്കും.വെള്ളിയാഴ്ചയും പൊതു അവധി ദിവസങ്ങളിലും ടോൾ ഈടാക്കുന്നതല്ല.അബുദാബി നഗരാതിർത്തിയിലെ ഗതാഗതക്കുരുക്ക് കുറക്കുക,റോഡ് ഗതാഗതം സുഗമമാക്കുക,സ്വകാര്യ കാറുകൾക്ക് പകരം പൊതു ഗതാഗത മാർഗങ്ങൾ ഉപയോഗിക്കാൻ സമൂഹത്തെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ടോൾ ഗേറ്റ് സംവിധാനം നടപ്പാക്കിയതെന്ന് ഇൻറഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ അറിയിച്ചു. ശൈഖ് സായിദ് ബ്രിഡ്ജ്,ശൈഖ് ഖലീഫ ബ്രിഡ്ജ്,മക്ത ബ്രിഡ്ജ്,മുസഫ ബ്രിഡ്ജ് എന്നിവയിലൂടെ അബുദാബി നഗരത്തിലേക്കും നഗരത്തിൽനിന്ന് പുറത്തേക്കും തിരക്കേറിയ സമയങ്ങളിൽ യാത്ര ചെയ്യുന്നതിന് നാലുദിർഹം വീതമാണ് ടോൾ നിരക്ക് നൽകേണ്ടത്.വ്യക്തിഗത വാഹനങ്ങൾക്ക് പ്രതിദിനം പരമാവധി 16 ദിർഹം നിരക്ക് ഈടാക്കും.അബുദാബി എമിറേറ്റിനു വെളിയിലുള്ള വാഹന ഉപയോക്താക്കൾ തിരക്കേറിയ സമയത്തെ യാത്രക്കുമുമ്പ് ഓൺലൈനിൽ രജിസ്റ്റർ ചെയ്യണം.പ്രീപെയ്ഡ് അക്കൗണ്ടിൽനിന്ന് ടോൾ ഗേറ്റു കടക്കുമ്പോഴുള്ള നിരക്ക് ഓട്ടോമാറ്റിക്കായി കുറയും.ടോൾ ഗേറ്റു കടക്കുമ്പോഴുള്ള നിരക്ക് ഓട്ടോമാറ്റിക്കായി കുറയും.ടോൾ കടക്കാനുള്ള ട്രാൻസിറ്റ് കാർഡ് വിൻഡ് ഷീൽഡിൽ ഇൻസ്റ്റാൾ ചെയ്യാതെ നമ്പർ പ്ലേറ്റ് സ്കാൻ ചെയ്താണ് നിരക്ക് കണക്കാക്കുക. തിരക്കേറിയ സമയത്ത് കൂടുതൽ പ്രാവശ്യം ടോൾഗേറ്റ് കടന്നുപോകുന്ന വാഹനങ്ങൾക്ക് പ്രതിമാസം നൽകേണ്ട താരിഫ് നിരക്കും പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടുണ്ട്.ആദ്യ വാഹനത്തിന് പ്രതിമാസം 200 ദിർഹം,രണ്ടാമത്തെ വാഹനത്തിന് 150 ദിർഹം,പിന്നീടുള്ള ഓരോ അധിക വാഹനത്തിനും 100 ദിർഹം എന്നിങ്ങനെയാണ് പ്രതിമാസ നിരക്ക്.അബുദാബി എമിറേറ്റിൽ രജിസ്റ്റർ ചെയ്യാത്ത എല്ലാ വാഹന ഉടമകളും രജിസ്ട്രേഷൻ പൂർത്തീകരിക്കണമെന്നും ടോൾ നിയമ ലംഘനങ്ങൾ ഒഴിവാക്കാൻ അക്കൗണ്ട് സജീവമാക്കണമെന്നും അധികൃതർ ആവർത്തിച്ചു.
29 January 2025