കുവൈത്തിൽ യൂനിമണി ഓൺലൈൻ മണി ട്രാൻസ്ഫർ ആരംഭിക്കുന്നു
കുവൈത്ത് സിറ്റി:ആഗോള ധനവിനിമയ സ്ഥാപനമായ യൂനിമണി എക്സ്ചേഞ്ച് കുവൈത്ത് ഓൺലൈൻ മണി ട്രാൻസ്ഫർ സേവനം ആരംഭിക്കുന്നു.മൊബൈൽ ആപ്ലിക്കേഷനോ വെബ്സൈറ്റോ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് വിനിമയം നടത്താം.എവിടെനിന്നും എപ്പോൾ വേണമെങ്കിലും പരിധികളില്ലാതെ സുരക്ഷിതമായി മികച്ച വിനിമയ നിരക്കിൽ ഉപയോക്താക്കൾക്ക് ഈ സേവനം ലഭ്യമാവുമെന്ന് സി.ഇ.ഒ ടി.പി.പ്രദീപ്കുമാർ,കുവൈത്ത് കൺട്രി ഹെഡ് വിവേക് നായർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.ആപ്പിൾ,ആൻഡ്രോയ്ഡ് എന്നിവയിൽ യൂനിമണി ഓൺലൈൻ മണി ട്രാൻസ്ഫർ ആപ്ലിക്കേഷൻ ലഭ്യമാണ്.തത്സമയ ഇടപാട് ട്രാക്കിങ്,ഇ-മെയിൽ വഴി നിരക്ക് അലേർട്ട് തുടങ്ങിയ സവിശേഷതകളുണ്ട്.എസ്.എം.എസ്,വോയ്സ് കമാൻഡ്,ഒ.ടി.പി ഉപയോഗിച്ച് സുരക്ഷിത ലോഗിൻ സംവിധാനം,വിരലടയാളം അല്ലെങ്കിൽ മുഖം തിരിച്ചറിയൽ തുടങ്ങി വളരെ സുരക്ഷിതമായാണ് ആപ്ലിക്കേഷൻ തയാറാക്കിയിട്ടുള്ളത്.യൂനിമണി കുവൈത്തിൽ നേരത്തെ രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്ക് മൊബൈൽ ആപ് ഡൗൺലോഡ് ചെയ്തോ kw.unimoni.com എന്ന വെബ്സൈറ്റിലൂടെയോ പണം നേരിട്ട് അയക്കാൻ കഴിയും.പുതിയ ഉപഭോക്താക്കൾ ഏതെങ്കിലുമൊരു യൂനിമണി ശാഖയിൽ ഒറ്റത്തവണ ലളിതമായ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതുണ്ട്.കുവൈത്തിൽ 12 ശാഖകളിലൂടെ മണി ട്രാൻസ്ഫർ,ഫോറിൻ കറൻസി എക്സ്ചേഞ്ച് സേവനങ്ങളുടെ വലിയ ശൃംഖലയാണ് യൂനിമണി കുവൈത്ത് ഒരുക്കിയിരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
21 November 2024