പ്രവാസി മലയാളികൾക്കായി ഒമാനിൽ നിയമസഹായ സെൽ പ്രവർത്തനം ആരംഭിച്ചു
മസ്കത്ത്:നിയമക്കുരുക്കിൽപെടുന്ന പ്രവാസി മലയാളികൾക്ക് സൗജന്യ നിയമസഹായമെത്തിക്കുന്നതിനുള്ള പദ്ധതി ഒമാനിൽ പ്രവർത്തനമാരംഭിച്ചു.നോർക്ക റൂട്ട്സിന് കീഴിലുള്ള നിയമസഹായ സെല്ലിന്റെ ഒമാനിലെ ലീഗൽ കൺസൽട്ടൻറ് അഡ്വ. ഗിരീഷ് കുമാറാണ്.ജോലി സംബന്ധമായി വിദേശ മലയാളികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് ഇതുവഴി നിയമസഹായം ലഭിക്കും.കേസുകൾ ഫയൽചെയ്യാൻ നിയമസഹായം ലഭ്യമാക്കുക,നഷ്ടപരിഹാര/ദയാഹരജികൾ എന്നിവയിൽ സഹായിക്കുക, മലയാളി സംഘടനകളുമായി ചേർന്ന് നിയമ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക,വിവിധ ഭാഷകളിൽ തർജമ നടത്തുന്നതിന് വിദഗ്ധരുടെ സഹായം ലഭ്യമാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങളെന്ന് അഡ്വ.ഗിരീഷ്കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.തങ്ങളുടേതല്ലാത്ത കുറ്റങ്ങൾക്കും ചെറിയ കുറ്റകൃത്യങ്ങൾക്കും വിദേശ ജയിലുകളിൽ കഴിയുന്ന പ്രവാസി മലയാളികൾക്ക് പദ്ധതി വഴി സഹായം ലഭിക്കും.
പ്രാഥമിക നിയമസഹായത്തിനുള്ള ചെലവുകളാണ് സംസ്ഥാന സർക്കാർ വഹിക്കുക.ഇന്ത്യൻ പാസ്പോർട്ടും സാധുവായ തൊഴിൽ വിസയോ സന്ദർശക വിസയോ ഉള്ള മലയാളികൾകൾക്കോ അല്ലെങ്കിൽ തടവനുഭവിക്കുകയോ ബുദ്ധിമുട്ട് അനുഭവിക്കുകയോ ചെയ്യുന്നയാളുടെ ബന്ധുക്കൾ/സുഹൃത്തുക്കൾക്കോ സഹായം തേടാൻ കഴിയും.അപേക്ഷാഫോറം norkaroots.org വെബ്സൈറ്റിൽ ലഭിക്കും.പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ, നോർക്ക റൂട്ട്സ്,മൂന്നാംനില,നോർക്ക സെന്റർ,തൈക്കാട്,തിരുവനന്തപുരം-14 വിലാസത്തിലോ ceo@norkaroots.net,ceonorkaroots@gmail.com വിലാസത്തിലോ അയക്കണം. വിശദ വിവരങ്ങൾ ടോൾഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽ നിന്ന്),00918802012345 (വിദേശത്ത് നിന്ന്) നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.വിദേശത്തുനിന്ന് മിസ്ഡ്കാൾ സേവനം ലഭിക്കും.ലഭിക്കുന്ന അപേക്ഷയുടെ നിജസ്ഥിതി മനസ്സിലാക്കിയ ശേഷം തുടർനടപടികൾക്കായി നോർക്ക ലീഗൽ കൺസൽട്ടൻറുമാർക്ക് കൈമാറുകയാണ് ചെയ്യുകയെന്നും അഡ്വ.ഗിരീഷ്കുമാർ പറഞ്ഞു.പ്രവാസിക്ഷേമനിധി ബോർഡ് ഡയറക്ടർ പി.എം. ജാബിർ,ഇന്ത്യൻ മീഡിയാ ഫോറം പ്രസിഡൻറ് കബീർ യൂസുഫ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
21 November 2024