കുവൈറ്റ് മന്ത്രിസഭാ രൂപവത്കരണം ഇനിയും രണ്ടാഴ്ച നീളുമെന്ന് റിപ്പോർട്ട്
കുവൈത്ത് സിറ്റി:കുവൈത്ത് മന്ത്രിസഭ രൂപവത്കരണത്തിന് രണ്ടാഴ്ച സമയമെടുക്കുമെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.ഓരോ മന്ത്രിസ്ഥാനത്തേക്കും ചുരുങ്ങിയത് മൂന്നുപേരുകൾ മുന്നിൽ വന്നതായും ഇത് സൂക്ഷ്മ പരിശോധന നടത്തി അന്തിമ പട്ടിക തയാറാവാൻ രണ്ടാഴ്ചയെങ്കിലും എടുക്കുമെന്നുമാണ് റിപ്പോർട്ട്.പാർലിമെന്റ് അംഗങ്ങൾ,അക്കാദമിക വിദഗ്ധർ,രാഷ്ട്രീയ പ്രവർത്തകർ എന്നിവർ ഉൾക്കൊള്ളുന്നതാണ് കരട് പട്ടിക.പുതിയ പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് പട്ടിക പരിശോധിച്ചു വരുകയാണ്.പ്രതിരോധമന്ത്രി സ്ഥാനത്തേക്ക് ശൈഖ് അബ്ദുനവാഫ് അസ്സബാഹിന്റെ പേരാണ് മുഖ്യപരിഗണനയിലുള്ളത്.അതിനിടെ പ്രതിപക്ഷ എം.പിമാരിൽനിന്ന് ചിലരെ മന്ത്രിസഭയിലെടുക്കാനും നീക്കമുണ്ട്.ഇസ്ലാമിക് കോൺസ്റ്റിറ്റ്യൂഷനൽ മൂവ്മെന്റ് പ്രതിനിധിയായി മുഹമ്മദ് അൽ ദലാൽ എം.പി നീതിന്യായ മന്ത്രിയാവാനിടയുണ്ട്. പൊതുമരാമത്ത്,ഭവനകാര്യ വകുപ്പ് ഇസ്ലാമിക് സലഫി അലയൻസ് പ്രതിനിധിയായ പാർലമെന്റ് അംഗത്തെ ഏൽപ്പിച്ചേക്കും.ഭരണകുടുംബ കൗൺസിലാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.മന്ത്രിസഭക്ക് ഒരുവർഷം കൂടിയേ കാലാവധിയുള്ളൂ.2020 നവംബറിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കും.അതോടനുബന്ധിച്ച് പുതിയ മന്ത്രിസഭ നിലവിൽ വരും.വലിയ വെല്ലുവിളികളും ഉത്തരവാദിത്തങ്ങളും മുന്നിലുള്ള പശ്ചാത്തലത്തിൽ സമയമെടുത്ത് സൂക്ഷ്മതയോടെ മന്ത്രിസഭാംഗങ്ങളെ തെരഞ്ഞെടുക്കാനാണ് തീരുമാനം.പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്ന് രണ്ട് മന്ത്രിമാരാണ് ഒരു വർഷത്തിനിടെ രാജിവെച്ചത്.ഈ സ്ഥാനത്തേക്ക് പ്രതിപക്ഷ എം.പിയെ പരിഗണിക്കുന്നുവെന്നതാണ് ശ്രദ്ധേയം.പുതിയ മന്ത്രിസഭ വരും വരെ ശൈഖ് ജാബിർ മുബാറക് അസ്സബാഹിന്റെ അധ്യക്ഷതയിലുള്ള കെയർ ടേക്കർ മന്ത്രിസഭക്കാണ് ഉത്തരവാദിത്തം.
21 November 2024