മസ്കത്തിൽ മൂന്ന് വിഭാഗങ്ങളിൽ സ്വദേശിവത്കരണം എട്ട് ശതമാനായി ഉയർന്നു
മസ്കത്ത്:മൂന്ന് തൊഴിൽ വിഭാഗങ്ങളിലെ സ്വദേശി തൊഴിലാളികളുടെ എണ്ണം ഈ വർഷം ഉയർന്നതായി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.വ്യവസായം,ട്രാവൽ ആൻഡ് ടൂറിസം,ചരക്കുഗതാഗതം എന്നീ മേഖലകളിൽ സ്വദേശിവത്കരണ തോത് 2017നെ അപേക്ഷിച്ച് എട്ട് ശതമാനമാണ് ഉയർന്നത്.അടുത്ത വർഷത്തോടെ മൂന്ന് വിഭാഗങ്ങളിലുമായുള്ള സ്വദേശിവത്കരണ തോത് മൂന്നര ശതമാനംകൂടി ഉയരുമെന്ന പ്രതീക്ഷയിലാണ് മന്ത്രാലയം.ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുകയാണെന്ന് മന്ത്രാലയം അധികൃതർ വ്യക്തമാക്കുന്നു.ട്രാവൽ ആൻഡ് ടൂറിസമാണ് സ്വദേശിവത്കരണത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന മേഖല.2017ൽ 41.1 ശതമാനമായിരുന്നത് കഴിഞ്ഞ വർഷം 42.1 ശതമാനമായും ഈ വർഷം 43.1 ശതമാനമായും ഉയർന്നു.രണ്ടുവർഷംകൊണ്ട് രണ്ട് ശതമാനത്തോളം വർധനയാണ് സ്വദേശിവത്കരണത്തിൽ ഉണ്ടായത്.അടുത്ത വർഷത്തോടെ ഈ മേഖലയിൽ 44.1 ശതമാനമാണ് ലക്ഷ്യമിടുന്ന സ്വദേശിവത്കരണ തോത്.വ്യവസായ മേഖലയിലാകട്ടെ,2017ൽ 32.5 ശതമാനമായിരുന്നു.ഈ വർഷം അത് 34.5 ആയി.അടുത്ത വർഷത്തോടെ 20 ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യം.നിശ്ചിത സ്വദേശിവത്കരണ തോത് പാലിക്കുന്ന സ്ഥാപനങ്ങൾക്ക് അംഗീകാരമായി കാർഡ് നൽകുന്നുണ്ട്.ഇതോടൊപ്പം മറ്റ് ആനുകൂല്യങ്ങളും ലഭ്യമാകുന്നുണ്ടെന്നത് ഉറപ്പാക്കുന്നുണ്ട്.സ്വദേശിവത്കരണ തോത് പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ,നിയമ നടപടികളും സ്വീകരിച്ചുവരുന്നുണ്ടെന്ന് മന്ത്രാലയം വക്താവ് പറഞ്ഞു.
21 November 2024