കുവൈറ്റിൽ പാർപ്പിട മേഖലകളിലെ വിദേശി ബാച്ചിലർമാരെ ഒഴിപ്പിക്കുന്നു
കുവൈത്ത് സിറ്റി:കുവൈത്തിൽ സ്വകാര്യ പാർപ്പിട മേഖലയിൽ കുടുംബമില്ലാതെ താമസിക്കുന്ന വിദേശികളെ പൂർണമായും ഒഴിപ്പിക്കുമെന്നു മുനിസിപ്പാലിറ്റി.നടപടികൾക്കു നിയോഗിക്കപ്പെട്ട സമിതി ഇതുവരെ ഇരുനൂറോളം കെട്ടിടങ്ങളിൽനിന്ന് ബാച്ചിലർമാരെ ഒഴിപ്പിച്ചു.കുടുംബത്തോടൊപ്പമല്ലാതെ വിദേശികൾക്ക് താമസമൊരുക്കിയാൽ 1000 ദീനാർ വരെ പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു.ബാച്ചിലേഴ്സിനെ പുറന്തള്ളാൻ നിയോഗിക്കപ്പെട്ട പ്രത്യേക സമിതിയുടെ അധ്യക്ഷനും മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ഡയറക്ടറുമായ അമ്മാർ അൽ അമ്മാർ ആണ് ഇക്കാര്യം പറഞ്ഞത്.ബാച്ചിലർ താമസക്കാരെ പുറത്താക്കണമെന്ന കമ്മിറ്റിയുടെ ആവശ്യത്തോട് 70 ശതമാനം റിയൽ എസ്റ്റേറ്റ് ഉടമകളും അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്.ഇതുവരെ 200 കെട്ടിടങ്ങളിൽനിന്ന് ബാച്ചിലർ താമസക്കാരെ ഒഴിപ്പിച്ചു.250 കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു.നിർദേശം പാലിക്കാത്ത 270 കെട്ടിട ഉടമകൾക്കെതിരെ മുന്നറിയിപ്പ് നോട്ടിസ് പുറപ്പെടുവിച്ചു.നിയമം ലംഘിക്കുന്ന കെട്ടിട ഉടമകൾ ആദ്യതവണ 500 ദിനാറും ആവർത്തിച്ചാൽ 1000 ദിനാറും പിഴ ചുമത്തുമെന്നും അമ്മാർ അൽ അമ്മാർ പറഞ്ഞു.ക്ലീൻ ജലീബ് എന്ന പേരിൽ പ്രത്യേക കാമ്പയിൻ ആരംഭിച്ചതിനാൽ ജലീബ് അൽ ശുയൂഖ് മേഖലയെ താൽക്കാലികമായി സമിതിയുടെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.പരമാവധി 15 മുതൽ 21 വരെ ആളുകളെ ഉൾക്കൊള്ളുന്ന കെട്ടിടങ്ങളിൽ നൂറും ഇരുനൂറും പേർ താമസിക്കുന്ന അവസ്ഥയാണ് ജലീബിലേതെന്നും അദ്ദേഹം പറഞ്ഞു.
21 November 2024