ബി.കെ.എസ് ഓണാഘോഷത്തിനുള്ള തയ്യാറെടുപ്പുകൾ അണിയറയിൽ ഒരുങ്ങുന്നു
Repoter: ജോമോൻ കുരിശിങ്കൽ
ബഹ്റൈൻ:ഐതീഹ്യങ്ങളുടെ ചിറകിലേറി മാവേലി മന്നനെ വരവേൽക്കാൻ ലോകമെമ്പാടുമുള്ള മലയാളികൾ ഒരുങ്ങുന്നതിനോടൊപ്പം ബഹ്‌റൈൻ മലയാളികളും ഓണവട്ടത്തിന്റെ തിരക്കിലാണ്.ബഹ്‌റൈൻ കേരളീയ സമാജം ഈ വർഷവും വിപുലമായ ഓണാഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.നാട്ടിൽ നിന്നുമെത്തുന്ന മലയാളികളുടെ വാനമ്പാടി കെ എസ് ചിത്ര, നരേഷ് ഐയ്യര്‍ ,സിതാര, നീരജ്, നജീം അര്‍ഷാദ് ,മധു ബാലകൃഷ്ണന്‍ തുടങ്ങിയവരുടെ പ്രകടനങ്ങൾക്ക് പുറമെ സൂര്യ ടീം അവതരിപ്പിക്കുന്ന " അഗ്നി" ഷോയും വിവിധങ്ങളായ കലാ കായിക മത്സരങ്ങളും ഭക്ഷ്യമേളകളും ഓണാഘോഷങ്ങളുടെ ഭാഗമായി നടക്കുമെന്ന് സമാജം പ്രസിഡന്റ് ശ്രീ രാധാകൃഷ്ണ പിള്ള ജനറല്‍ സെക്രട്ടറി ശ്രീ എം പി രഘു എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ബി.കെ.എസ് എക്സിക്യൂട്ടീവ് കമ്മറ്റിക്ക് പുറമെ ശ്രീ. പവനന്‍ തോപ്പില്‍ ജനറൽ കൺവീനറായ വിപുലമായ ആഘോഷകമ്മറ്റിയാണ് പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നത്.നിരവധി സബ് കമ്മറ്റികളും നിലവിലുണ്ട്. മുഴുവൻ കമ്മറ്റികളുടെയും സംയുക്തയോഗം ഇന്നലെ സമാജത്തിൽ വെച്ച് ചേരുകയും പരിപാടികളുടെ വിജയത്തിനായുള്ള തയ്യാറെടുപ്പുകൾ എടുക്കുകയും ചെയ്തു.

സെപ്റ്റംബർ ഒന്നാം തിയ്യതി ആരംഭിക്കുന്ന മത്സര പരിപാടികളോടെ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നതാണ്.ഓണത്തെ വരവേൽക്കാൻ അക്ഷരാർത്ഥത്തിൽ ബഹ്‌റൈൻ കേരളീയ സമാജവും മലായാളി സമൂഹവും ഒരുങ്ങിക്കഴിഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഘോഷയാത്ര ബഹ്‌റൈൻ മലയാളികളുടെ ഓണത്തോടും പൈതൃകങ്ങളോടുമുള്ള വൈകാരികമായ അടുപ്പത്തെ വിളിച്ചോതുന്നതായിരിക്കും.ബഹ്റൈനിലെ ഒട്ടുമുക്കാൽ സംഘടനകളും ഘോഷയാത്രകളിൽ പങ്കാളികാളാവാറുണ്ട്.

ഈ വർഷവും എല്ലാവരെയും ഉൾകൊള്ളിച്ചുകൊണ്ടു ജനകീയമായ രീതിയിലാണ് ഓണാഘോഷങ്ങൾ വിഭാവന ചെയ്തിരിക്കുന്നത്.മുൻ കാലങ്ങളിലെന്ന പോലെ തന്നെ ബഹ്‌റൈൻ പൊതുസമൂഹത്തിന്റെ നിറഞ്ഞ പിന്തുണ ഈ വർഷവും പ്രതീക്ഷിക്കുകയാണ്.

22 May 2025