ഓണാട്ടുകര ഫെസ്റ്റ് 2019
സമ്പന്നമായ ക്ഷേത്രസംസ്കാരത്തിന്റെയും ഉത്സവപ്പെരുമയുടെയും, കാർഷികസംസ്കാരത്തിന്റെയും നാടാണ് ഓണാട്ടുകര. അതിൽ ഏറ്റവും പ്രസിദ്ധമാണ് യുനെസ്കോ അംഗീകാരം നേടി ലോകശ്രദ്ധയാകർഷിച്ച ചെട്ടിക്കുളങ്ങര കുംഭഭരണി. കുംഭഭരണിക്കു നിറപ്പകിട്ടേറുന്നത് വർണ്ണപൊലിമയാർന്ന അംബരചുംബികളായ കെട്ടുകാഴ്ചകളും അതിനോടനുബന്ധിച്ചു നടത്തുന്ന കുത്തിയോട്ട വഴിപാടുമാണ്.
ജാതിമതഭേദമന്യേ പതിമൂന്നു കരക്കാർ ഒത്തുചേർന്ന് അണിയിച്ചൊരുക്കുന്ന കെട്ടുകാഴ്ചകൾ ഒരു നാടിന്റെ സംസ്കാരത്തെ വിളിച്ചോതുന്ന മഹത്തായ മതസൗഹാർദ്ദത്തിന്റെ നേർക്കാഴ്ചകൂടിയാണ്.
കുതിരക്കു ഏതാണ്ട് എഴുപത്തഞ്ചു മുതൽ എൺപതു അടിവരെ പൊക്കമുണ്ട്, എന്നാൽ തേരിനു കുതിരയെ അപേക്ഷിച്ചു താരതമ്യേന പൊക്കം അല്പം കുറവാണ്. ഇവയും അഴിച്ചെടുക്കാവുന്ന വിധം പല ഭാഗങ്ങളായാണ് നിർമ്മിച്ചിരിക്കുന്നത്. അതേപോലെ ആജാനുബാഹുക്കളായ ഭീമന്റെയും ഹനുമാന്റെയും വലിയ രൂപങ്ങൾ ഏറെ ആകർഷകമായ കാഴ്ചകൾ ആണ്. ഇത്രയേറെ പഴക്കമുള്ള കെട്ടുകാഴ്ചകൾ ഇന്നും അതേ പാരമ്പര്യത്തിലും തനിമയിലും നിലനിർത്തുന്നു എന്നതാണ് എടുത്തുപറയേണ്ട പ്രത്യേകത.
കൂടാതെ കെട്ടുകാഴ്ചകൾ ഒരുക്കുന്ന കുതിരച്ചുവട്ടിൽ നടത്തുന്ന കുതിരക്കഞ്ഞി വഴിപാടും ഐതിഹ്യപരമായി ഒട്ടേറേ പ്രത്യേകതകൾ നിറഞ്ഞതാണ്. ചെട്ടികുളങ്ങരയിൽ ദേവിസാമീപ്യം ഉറപ്പിച്ചതിന്റെ ഓർമപ്പെടുത്തലാണ് കുതിരക്കഞ്ഞി. നാനാ ദേശത്തുള്ള ജനങ്ങൾ ഒന്നാകെ കുതിരച്ചുവട്ടിലെത്തി നിലത്തിരുന്നു തടയിലയിൽ കഞ്ഞിയും, മുതിരപ്പുഴുക്കും കഴിച്ചു മടങ്ങുന്നതുകാണുമ്പോൾ എല്ലാവരും ഒന്ന് എന്ന മഹത്തായ ഒരു സന്ദേശവും നമുക്കനുഭവിച്ചറിയാൻ കഴിയുന്നു.
കുത്തിയോട്ടം അതിന്റെ അനുഷ്ഠാനപരവും, കലാപരവുമായുള്ള പ്രത്യേകതകൾകൊണ്ടുതന്നെ മറ്റു ക്ഷേത്ര അനുഷ്ഠാനകലകളിൽനിന്നും വേറിട്ടുനിൽക്കുന്ന ഒന്നാണ്. ചെട്ടികുളങ്ങര ഭഗവതിയുടെ ഈ ഇഷ്ട വഴിപാട് വഴിപാടായിമാത്രം സമർപ്പിക്കുന്ന കലാരൂപമാണ്. ദേവീസ്തുതിയിൽതുടങ്ങി ഒന്നാം പാദം, രണ്ടാം പാദം, മൂന്നാം പാദം, നാലാം പാദം എന്നിങ്ങനെ നാലുപാദങ്ങളും കുമ്മിയുമാണ് കുത്തിയോട്ടച്ചുവടുകളുടെ ശീലുകൾ. ശീലിനൊത്തുള്ള ചടുലമായ ചുവടുകൾ ഈ അനുഷ്ഠാനകലക്ക് കൊഴുപ്പേകുന്നു.
ബഹ്‌റൈൻ പ്രവാസികൾക്ക് നഷ്ടപ്പെടുന്ന ഭരണി അനുഭവവും വരും തലമുറകൾക്കു ഈ കലാരൂപം മനസ്സിലാക്കി കൊടുക്കാനുള്ള ചിന്തയുടെ ഭാഗമായിട്ടാണ് ഓണാട്ടുകര ഫെസ്റ്റ് എന്ന രീതിയിൽ ഒരു ദിവസം മുഴുവൻ കൊണ്ടാടാൻ തീരുമാനിച്ചത്. ചെട്ടികുളങ്ങര ഉൾപ്പടെ മാവേലിക്കര താലൂക്ക് കാർത്തികപ്പള്ളി താലൂക്ക് തുടങ്ങി ചുറ്റുപാടുകളിൽ ഉള്ള കാർഷിക പ്രദേശങ്ങൾ ഒത്തു ചേർന്ന സ്ഥലം ആണ് ഓണാട്ടുകര എന്നറിയപ്പെടുന്നത്.
ഈ വരുന്ന വെള്ളിയാഴ്ച (21/06/2019) രാവിലെ 10.30 മണിക്ക് ഓണാട്ടുകര കഞ്ഞി സദ്യയിലെ പാചക വിദഗ്ദ്ധൻ ശ്രീ. ജയൻ ശ്രീഭദ്രയുടെ മേൽനോട്ടത്തിൽ പാകപ്പെടുത്തിയ പരമ്പരാഗത രീതിയിൽ ഉള്ള കഞ്ഞി സദ്യയും വൈകീട്ട് 6.30 മുതൽ 100 ൽ പരം കലാകാരന്മാർ പങ്കെടുക്കുന്ന കുത്തിയോട്ട ചുവടും പാട്ടും അരങ്ങേറുന്നു. കുത്തിയോട്ട കലാരൂപത്തിന്റെ മുതിർന്ന ആചാര്യൻ ശ്രീ. നാരായണ പിള്ളയോടൊപ്പം കുത്തിയോട്ട പരിശീലകൻ ശ്രീ. മധുചന്ദ്രനും നേതൃത്വം നൽകുന്നു.
ഓണാട്ടുകര ഫെസ്റ്റിന്റെ എല്ലാ അനുഷ്ഠാന ചടങ്ങുകളും ചെട്ടികുളങ്ങര ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ പ്ലാക്കുടി ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലാണെന്നുള്ളത് ഏറെ പ്രാധാന്യമർഹിക്കുന്നു.
3 December 2024