സൗദിയിൽ പ്രീമിയം ഇഖാമകളുടെ വിതരണം തുടങ്ങി
സൗദി അറേബ്യ:സ്ഥിര താമസം ഉള്‍പ്പെടെ സൗദി പൗരന്‍മാര്‍ക്കുള്ള മുഴുവന്‍ അവകാശങ്ങളും വിദേശികള്‍ക്കും ലഭ്യമാക്കുന്ന പ്രീമിയം ഇഖാമകളുടെ വിതരണം തുടങ്ങി.മാനദണ്ഡങ്ങളെല്ലാം പാലിച്ച അപേക്ഷകരില്‍ 73 പേര്‍ക്കാണ് ആദ്യ ബാച്ചില്‍ പ്രീമിയം ഇഖാമ അനുവദിക്കുക.ഇന്ത്യയിലെ വ്യവസായ പ്രമുഖന്‍ ഉള്‍പ്പെടെ 19 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പട്ടികയിലുള്ളത്.സ്പോണ്‍സറുടെ ആവശ്യമില്ലാത്ത പ്രത്യേക താമസരേഖയാണ് പുതുതായി പ്രഖ്യാപിച്ച പ്രവിലേജ് ഇഖാമകള്‍.മെയ് മാസത്തിലാണ് അപേക്ഷകള്‍ സ്വീകരിച്ച് പരിശോധന ആരംഭിച്ചത്.ഇതില്‍ നിബന്ധനകള്‍ പൂര്‍ത്തിയാക്കിയവരുടെ അപേക്ഷ അംഗീകരിച്ച് പ്രത്യേക അഭിമുഖത്തിന് ശേഷമാണ് സ്ഥിര താമസ രേഖ അഥവാ പ്രീമിയം റസിഡന്‍സ് കാര്‍ഡ് നല്‍കുന്നത്.ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പ്രീമിയം റസിഡന്‍സി സെന്ററിന് കീഴിലാണ് പദ്ധതി.സ്ഥിര താമസ ഇഖാമക്ക് എട്ട് ലക്ഷം റിയാലാണ് ഫീസ്.ലെവിയോ മറ്റു ഫീസുകളോ വേറെയുണ്ടാകില്ല. ഓരോ വര്‍ഷവും പുതുക്കുന്ന താല്‍ക്കാലിക ഇഖാമക്ക് ഒരു ലക്ഷം റിയാലാണ് തുക.ആദ്യ പട്ടികയില്‍ ഒന്നാമതുള്ള ഇന്ത്യയിലെ വ്യവസായ പ്രമുഖന്‍ ഉള്‍പ്പെടെ 73 പേര്‍ക്കാണ് പ്രീമിയം ഇഖാമ ലഭിക്കുക.ആനുകൂല്യങ്ങേറെയുണ്ട് ഈ താമസരേഖയില്‍. കുടുംബത്തേയും വീട്ടു ജോലിക്കാരെയും പ്രീമിയം കാര്‍ഡ് സ്വന്തമാക്കിയവര്‍ക്ക് കൊണ്ടു വരാം.മക്കയിലും മദീനയിലും അതിർത്തി പ്രദേശങ്ങളിലും ഒഴികെ സൗദിയുടെ ഏതു ഭാഗത്തും വ്യാവസായിക ആവശ്യത്തിനു സ്വന്തം പേരിൽ വസ്തുക്കളും കെട്ടിടങ്ങളും വാഹനങ്ങളും വാങ്ങാം.മക്കയിലും മദീനയിലും വിവിധ പദ്ധതികളിൽ 99 വർഷ കാലാവധിയിൽ നിക്ഷേപം നടത്താം.പുറമെ സ്വദേശി സംവരണം ഇല്ലാത്ത ഏതു തസ്തികയിലും ജോലി നോക്കുകയും ഇഷ്ടം പോലെ ജോലി മാറുകയും ചെയ്യാം. വിമാനത്താവളങ്ങളിലും പ്രവേശന കവാടങ്ങളിലും സൗദികൾക്കു മാത്രമായുള്ള പ്രത്യേക പാസ്പോർട്ട് ഡെസ്കും ഇവര്‍ക്കുപയോഗിക്കാം.നിക്ഷേപകരും വ്യവസായികളും ഉയര്‍ന്ന തസ്തികയിലുമുള്ളവരാണ് പട്ടികയില്‍ ഉള്ളത്.
5 April 2025