ഓണത്തെ വരവേൽക്കാൻബഹ്‌റൈൻ കേരളീയ സമാജം ഒരുങ്ങി
Repoter: ജോമോൻ കുരിശിങ്കൽ
ഓണത്തെ വരവേൽക്കാൻ വിപുലമായ പരിപാടികളാണ് ഈ വർഷം ബഹ്‌റൈൻ കേരളീയ സമാജം സജ്ജമാക്കിയിട്ടുള്ളത്. നാട്ടിലെ പ്രളയക്കെടുതികളിൽ സഹായഹസ്തങ്ങൾ നീട്ടുന്നതിനോടൊപ്പം തന്നെ ഓണം സമുചിതമായി ആഘോഷിക്കുവാനും ബഹ്‌റൈനിലെ മുഴുവൻ മലയാളികൾക്കും അത് ആസ്വദിക്കുവാനും ഉതകുന്ന തരത്തിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. ഈ വരുന്ന 12 ആം തിയ്യതി വ്യാഴാഴ്ച നൂറു വനിതകൾ ഒന്നിച്ചണിനിരക്കുന്ന മെഗാ കിണ്ണം കളി 8 മണിക്ക് അരങ്ങേറുകയാണ്. കേരളത്തിൽ അന്യം നിന്നുകൊണ്ടിരിക്കുന്ന മനോഹരമായൊരു നൃത്തരൂപമാണ് കിണ്ണം കളി. ഏറെ പഴക്കമുള്ള ഈ നൃത്തരൂപം അതിന്റെ മുഴുവൻ ചൈതന്യവും ഉൾകൊണ്ടുകൊണ്ടാണ് ബഹ്‌റൈൻ കേരളീയ സമാജം വനിതാവേദിയുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്നത്. തീർച്ചയായും ഇതൊരു വേറിട്ട അനുഭവമായിരിക്കുമെന്ന് സമാജം പ്രസിഡന്റ് ശ്രീ. പി വി രാധാകൃഷ്‌ണപിള്ളയും സെക്രട്ടറി ശ്രീ. എം പി രഘുവും വനിതാ വേദി പ്രസിഡന്റ് ശ്രീമതി മോഹിനി തോമസും പറഞ്ഞു. അന്നേ ദിവസം തന്നെ വനിതാ വേദി അവതരിപ്പിക്കുന്ന സ്കിറ്റ് , ഓണം സ്‌പെഷ്യൽ പ്രോഗ്രാം "ഓണവില്ല്" ഓണം ഡാൻസുകൾ എന്നിവയും ഉണ്ടായിരിക്കും.
13ആം തിയ്യതി വെള്ളിയാഴ്ച ഓണാഘോഷത്തിന്റെ ഏറ്റവും ആകർഷണീയമായ ഘോഷയാത്ര വൈകീട്ട് 6 മണിക്ക് അരങ്ങേറുകയാണ്. സമാജത്തിലെ വിവിധ വിഭാഗങ്ങൾക്ക് പുറമെ ബഹ്‌റൈനിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ സംഘടനകളും ഘോഷയാത്രയയിൽ പങ്കെടുക്കുന്നുണ്ട്. തീർത്തും വർണ്ണാഭമായ ഒരു കാഴ്ചകൂട്ടു തന്നെയായിരിക്കും ഘോഷയാത്രയെന്നു കൺവീനർ റഫീക്ക് അബ്ദുള്ളയും കോർഡിനേറ്റർ മനോഹരൻ പാവരട്ടിയും പറഞ്ഞു.
14 ആം തിയ്യതി വൈകീട്ട് സിനിമാറ്റിക് ഡാൻസ് മത്സരങ്ങളും "കൊതിയൻ" എന്ന ഷോർട്ട് ഫിലിം പ്രിവ്യുവും ഉണ്ടായിരിക്കും. തുടർന്ന് 19 ആം തിയ്യതി മുതൽ 27 ആം തിയ്യതി വരെയുള്ള ദിവസങ്ങളിൽ നാട്ടിൽ നിന്നും എത്തുന്ന അനുഗ്രഹീത കലാകാരന്മാരുടെ പ്രകടനങ്ങൾ ആയിരിക്കും. കേരളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര, സംഗീത രാജാവ് ഹരിഹരൻ, പുതിയ തലമുറയിലെ ഏറ്റവും ശ്രദ്ധേയമായ ഗായിക സിതാര, അനുഹ്രഹീത ഗായകരായ മധു ബാലകൃഷ്‌ണൻ, നജീം അർഷാദ്, രാഗേഷ് ബ്രഹ്മാനന്ദന്‍, നരേഷ് അയ്യർ,നിഷാദ് സിനിമാ രംഗത്തെ പ്രശസ്തയായ ഷംനാ കാസിം പ്രശസ്ത കൊറിയോഗ്രാഫര്‍ നീരവ് തുടങ്ങിയവർ അവതരിപ്പിക്കുന്ന കലാവിരുന്നുകൾ മുഴുവൻ കാണികൾക്കും ശ്രോതാക്കൾക്കും ഹ്ര്യദ്യമായിരിക്കും.

കേരളം നിയമസഭാ സ്പീക്കർ ശ്രീ. പി. ശ്രീരാമകൃഷ്ണൻ, കേരളം പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തല, മുൻ കേന്ദ്ര മന്ത്രി . ശ്രീ. അൽഫോൻസ് കണ്ണന്താനം, കേരളം മുൻ മന്ത്രിമാരായ ശ്രീ. എം എ. ബേബി, കെ സി. ജോസഫ്, സൂര്യ കൃഷ്ണമൂര്‍ത്തി തുടങ്ങിയ പ്രമുഖരാണ് വിവിധ ദിവസങ്ങളായി ബഹ്‌റൈൻ കേരളം സാമാജം ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുന്നത്.
ഓണത്തിന്റെ സജീവതക്ക് ഒരു കുറവും വരുത്താതെ ബഹ്‌റൈനിലെ മുഴുവൻ മലയാളികൾക്കും കടന്നുവരുവാനും ആസ്വദിക്കുവാനും വിധം വിഭാവനം ചെയ്തിട്ടുള്ള "ശ്രാവണം 2019 " എന്ന പേരിൽ ബഹ്‌റൈൻ കേരളീയ സമാജം ഒരുക്കുന്ന ഓണാഘോഷങ്ങളിൽ മുഴുവൻ സമാജം കുടുംബാങ്ങങ്ങളും മലയാളി പൊതുസമൂഹവും പങ്കെടുക്കണമെന്ന് ബി കെ സ് പ്രസിഡന്റ് ശ്രീ. പി വി രാധാകൃഷ്ണപിള്ളയും ശ്രീ. എം പി രഘുവും ഓണാഘോഷ കമ്മറ്റി കൺവീനർ ശ്രീ. പവനൻ തോപ്പിലും അഭ്യർത്ഥിച്ചു.
5 April 2025