ബഡ്ജറ്റിലെ നികുതി നിർദേശം പ്രവാസികളോടുള്ള വെല്ലുവിളി - ഒഐസിസി.
വിദേശ രാജ്യങ്ങളിൽ നികുതി അടക്കാത്ത പ്രവാസികളിൽ നിന്ന് നികുതി ഈടാക്കാൻ നടത്തുന്ന ബഡ്ജറ്റ് നിർദേശങ്ങൾക്ക് എതിരെ എല്ലാ പ്രവാസി സംഘടനകളും ശകതമായ പ്രതിഷേധം രേഖപ്പെടുത്തണമെന്നും, ഈ തീരുമാനം പിൻവലിക്കുന്നത് വരെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലവരും രംഗത്ത് വരണമെന്നും ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റി പ്രവാസി സംഘടനകളോട് അഭ്യർത്ഥിച്ചു. ഇന്ത്യയിൽ തൊഴിൽ ഇല്ലായ്‌മ ഏറ്റവും കൂടുതൽ വർധിച്ച ഈ സമയത്ത് നികുതി നിർദേശം തുച്ഛമായ വരുമാനത്തിന് പന്ത്രണ്ടും, പതിനാറും മണിക്കൂർ ജോലി എടുത്തിട്ട്, ലേബർ ക്യാമ്പുകളിൽ താമസിക്കുകയും, പട്ടിണി ആണെങ്കിലും, തന്റെ കുടുംബവും, മക്കളും സന്തോഷത്തോടെ ജീവിക്കണം എന്ന് കരുതിയാണ് കടുത്ത ചൂടിലും, തണുപ്പിലും അതൊന്നും വക വയ്ക്കാതെ പണി എടുത്തും, കടം വാങ്ങിയും നാട്ടിലേക്ക് അയയ്ക്കുന്ന തുകക്ക് നികുതി നിർദ്ദേശിച്ച കേന്ദ്ര ധനകാര്യ മന്ത്രി പ്രവാസികളോട് കാട്ടിയത് കൊടിയ വഞ്ചനയാണ്. നാട്ടിൽ കാണുന്ന മണിമന്ദിരങ്ങൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ അടക്കമുള്ളവയുടെ പിന്നിൽ പ്രവാസികളുടെ വിയർപ്പാണ്. അത് മനസ്സിലാക്കാൻ ഉള്ള സാമാന്യ ബോധം എങ്കിലും കേന്ദ്രം ഭരിക്കുന്ന ആളുകൾക്ക് ഉണ്ടാകണം. പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ വിഹിതം കൊണ്ടാണ് മറ്റ് പല സംസ്ഥാനങ്ങളിലും ഉള്ള തൊഴിലാളികളെ നമ്മുടെ സംസ്ഥാനത്തേക്ക് ആകർഷിക്കുന്നത്, അവരുടെ കുടുംബം പട്ടിണി അകറ്റുന്നത്. ഇങ്ങനെ മുന്നോട്ട് പോകുവാനാണ് തീരുമാനം എങ്കിൽ, വിദഗ്ദ്ധ - അവിദഗ്ദ്ധ മേഖലകളിൽ തുച്ഛമായ ശമ്പളത്തിൽ ജോലി നോക്കുന്ന പ്രവാസികൾ നാട്ടിലേക്ക് മടങ്ങുവാൻ തയ്യാറാകും. ഈ തീരുമാനം ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെ പാവപ്പെട്ട തൊഴിലാളികളെ ദോഷമായി ബാധിക്കും.
കഴിഞ്ഞ അറുപതുകൊല്ലം കൊണ്ട് രാജ്യം നേടിയ നേട്ടങ്ങൾ, നമ്മൾ എല്ലാം നമ്മുടെ സ്വന്തം എന്ന് കരുതിയ പൊതുമേഖലാ സ്ഥാപങ്ങൾ വിറ്റ് രാജ്യത്തുണ്ടായ സാമ്പത്തിക മാന്ദ്യം മറികടക്കുവാൻ ശ്രമിക്കുകയാണ്, ഏറ്റവും അവസാനം ഗ്രാമീണ മേഖലയിലെ ആളുകൾ കുടുംബത്തിന്റെ സുരക്ഷിതത്വവും, ഭാവിയിലേക്കുള്ള ചെറിയ സമ്പാദ്യം എന്ന നിലയിലാണ് എൽ ഐ സി യെ കണ്ടിരുന്നത് ഇപ്പോൾ ബഡ്ജറ്റിൽ അതും സ്വകാര്യ മേഖലക്ക് കൈമാറാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ലക്ഷകണക്കിന് ഏജന്റ്മാർ പണി എടുത്തിരുന്ന മേഖലയാണ് എൽ ഐ സി. കേന്ദ്ര സർക്കാരിന്റെ എല്ലാ നയങ്ങളും രാജ്യത്തു കുത്തക മുതലാളിമാരെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ്. ഇതുമൂലം രാജ്യത്തെ പട്ടിണിപാവങ്ങൾ കൂടുതൽ ദരിദ്രർ ആയിമാറിക്കൊണ്ടിരിക്കുന്നു. രാജ്യത്തു ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകൽച്ച ഓരോ ദിവസവും കൂടി വരുന്നു. പൊതു മേഖല ബാങ്കുകൾ ഭരണകർത്താക്കളുടെ ശുപാർശ പ്രകാരം കൂടുതൽ ലോൺ അനുവദിക്കുന്ന മുതലാളിമാർ നാട് വിട്ട്, വിദേശരാജ്യങ്ങളിൽ അഭയം തേടി സന്തോഷത്തോടെയും ജീവിക്കുന്നു, ചെറുകിട കർഷകരും, വ്യാപാരികളും ലോൺ എടുത്താൽ അവസാനം അവരെ ആത്മഹത്യയുടെ വക്കിൽ എത്തിക്കാനാണ് ബാങ്കുകളും ഭരണകർത്താക്കളും ശ്രമിക്കുന്നത്. ഇതിനെതിരെയും രാജ്യം ഒറ്റകെട്ടായി ചെറുക്കണം എന്നും ഒഐസിസി ദേശീയ കമ്മറ്റി പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു. ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
14 October 2024