സ്തനാര്‍ബുദം ആരംഭത്തിലേ കണ്ടുപിടിച്ചാല്‍ ചികിത്സിച്ച് ഭേദമാക്കാം: ഷിഫ-കെഎംസിസി സെമിനാര്‍
Repoter: ജോമോൻ കുരിശിങ്കൽ
മനാമ: ആരംഭദിശയിലേ കണ്ടുപിടിച്ചാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന രോഗമാണ് സ്തനാര്‍ബുദമെന്നും അതുകൊണ്ട് തന്നെ സ്വയം പരിശോധന മുടക്കരുതെന്നും സ്തനാര്‍ബുദ ബോധവല്‍ക്കരണത്തോടനുബന്ധിച്ച് ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററില്‍ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. ബഹ്‌റൈന്‍ കെഎംസിസി വനിത വിഭാഗവുമായി ചേര്‍ന്ന് ഷിഫ സംഘടിപ്പിച്ച സെമിനാര്‍ തിരുവനന്തപുരം ആര്‍സിസിയിലെ അസി. പ്രൊഫസറും അര്‍ബുദരോഗചികിത്സാ വിദഗ്ധനുമായ ഡോ. കെആര്‍ രാജീവ് ഉദ്ഘാടനം ചെയ്തു.
ഷിഫ സിഇഒ ഹബീബ് റഹ്മാന്‍, കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ്‌വി ജലീല്‍, ഷിഫ മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ഷംനാദ് എന്നിവര്‍ ആശംസ അര്‍പ്പിച്ചു. നഴ്‌സിംഗ് അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ റേയ്ച്ചല്‍ ആമുഖ പ്രഭാഷണം നടത്തി. ഷിഫയുടെ ഉപഹാരം ചടങ്ങില്‍ ഡോ. കെആര്‍ രാജീവിന് സമ്മാനിച്ചു.
സെമിനാറില്‍ 'വിവിധ തരം സ്തനാര്‍ബുദങ്ങള്‍, രോഗത്തിന്റെ സങ്കീര്‍ണത എങ്ങിനെ കുറയ്ക്കാം' എന്ന വിഷയത്തില്‍ ഡോ. കെആര്‍ രാജീവ് മുഖ്യ പ്രഭാഷണം നടത്തി. സ്തനാര്‍ബുദ ലക്ഷണങ്ങള്‍ അവഗണിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. സ്വയം പരിശോധന നടത്തിയ ശേഷം സംശമുണ്ടെങ്കില്‍ വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടാം. ആരംഭദിശയിലുള്ള (സ്‌റ്റേജ് വണ്‍) കാന്‍സര്‍ ട്യൂമറുകള്‍ മാത്രം നീക്കം ചെയ്ത് രോഗം പരിപൂര്‍ണ്ണമായും മാറ്റാം. ഇതാണ് സ്വയം പരിശോധനയുടെ നേട്ടം. എന്നാല്‍, സ്വയം പരിശോധന മാത്രം പോര ആധുനിക സ്‌ക്രീംനിംഗുകളും നടത്തണം. 40 കഴിഞ്ഞ സ്ത്രീകള്‍ മാമോഗ്രാം ചെയ്യുന്നത് നല്ലതാണ്. ഇന്ന്, പാര്‍ശ്വഫലങ്ങള്‍ തീരെ കുറഞ്ഞതും രോഗവിമുക്തി എളുപ്പം ഉറപ്പാക്കാവുന്നുമായ ആധുനികമരുന്നുകള്‍ ലഭ്യമാണ്. സാങ്കേതികവളര്‍ച്ചയുടെ ഭാഗമായി കണ്ടുപിടിക്കപ്പെട്ട നൂതനമെഷനറികളുണ്ട്. കീമോ തെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍ ഇന്ന് വളരെയധികം കുറഞ്ഞിട്ടുണ്ട്. രോഗിയുടെ പ്രായം, ആരോഗ്യസ്ഥിതി, പാരമ്പര്യം, കാന്‍സറിന്റെ സ്വഭാവം ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ സ്തനാര്‍ബുദത്തിന് ഇന്ന് വിദഗ്ധ ചികിത്സ ലഭ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു വ്യക്തിയെ സ്തനാര്‍ബുദം ബാധിക്കുന്നത് ഏതെങ്കിലും പ്രത്യേക കാരണം കൊണ്ടാണെന്ന് ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. എന്നാല്‍, അര്‍ബുദം ബാധിക്കാന്‍ സാധ്യതയുള്ള ചില സാഹചര്യങ്ങള്‍ ഉണ്ട്. ആഹാരത്തിലെഫൈറ്റോ ഈസ്ട്രജന്‍ എന്ന ഘടകത്തിന്റെ അഭാവം സ്തനാര്‍ബുദത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. ശരീരത്തില്‍ അടിയുന്ന അമിതമായ കൊഴുപ്പില്‍നിന്ന് ഉണ്ടാകുന്ന ഇസ്ട്രാ ഡയോള്‍ എന്ന ഹോര്‍മോണും സ്താനാര്‍ബുദത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. ആഹാര ക്രമം, വ്യായാമം എന്നിവ ഒരു പരിധിവരെ രോഗത്തെ അകറ്റി നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് 'സ്തനാര്‍ബുദം: സ്വയം പരിശോധനയുടെ പ്രാധാന്യം' എന്ന വിഷയത്തില്‍ ഷിഫ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. ഷൈനി സുശീലനും 'സ്തനാര്‍ബുദം കണ്ടെത്തലും സ്‌ക്രീനിംഗും' എന്ന വിഷയത്തില്‍ കണ്‍സള്‍ട്ടന്റ് റേഡിയോളജിസ്റ്റ് അനീസ ബേബി നജീബും ക്ലാസ് എടുത്തു. മുഹ്‌സിന ഫൈസല്‍ സ്വാഗതവും ഷിഫ പേഴസണല്‍ മാനേജര്‍ ഷീല അനില്‍ നന്ദിയും പറഞ്ഞു. റഹ്മത്ത് അബ്ദുല്‍ റഹ്മാന്‍ അവതാരികയായി.
സെമിനാറില്‍ 300 ഓളം പേര്‍ പങെ്ടുത്തു. 15 പേര്‍ക്ക് സൗജന്യ സ്‌ക്രീനിംഗ് നടത്തി. സെമിനാറില്‍ പങ്കെടുത്തവര്‍ക്ക് ഗൈനക്കോളജി, ഡര്‍മറ്റോളജി, പീഡിയാട്രിക്, ഇന്റേണല്‍ മെഡിസിന്‍ തുടങ്ങിയവയില്‍ സൗജന്യ കണ്‍സള്‍ട്ടേഷന്‍ കൂപ്പണ്‍ണും സ്താനാര്‍ബുദ പരിശോധനയില്‍ 50 ശതമാനം ഡിസ്‌കൗണ്ടും നല്‍കി.
14 September 2024