പഠന മികവ് പുലർത്തിയ കുരുന്നുകൾക്ക് ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിന്റെ ആദരം
ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ പഠന മികവ് പുലർത്തിയ അറനൂറിലധികം കുട്ടികളെ വർണശബളമായ ചടങ്ങിൽ അവാർഡുകൾ നൽകി ആദരിച്ചു. റിഫ കാമ്പസിന്റെ വാർഷിക അക്കാദമിക് അവാർഡ് ദാന ചടങ്ങിൽ തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അഹമ്മദ് ജെ അൽ ഹൈക്കി മുഖ്യാതിഥി ആയിരുന്നു.
ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, അസി. സെക്രട്ടറി പ്രേമലത എൻ എസ് , എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുർഷിദ് ആലം,അഡ്വ. ബിനു മണ്ണിൽ വറുഗീസ്, രാജേഷ് നമ്പ്യാർ,അജയകൃഷ്ണൻ വി,സജി ജോർജ്, മുഹമ്മദ് നയസ് ഉല്ല,പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ,സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസി ,വൈസ് പ്രിൻസിപ്പൽ ജി സതീഷ് ,സ്റ്റാഫ് ,വിദ്യാർത്ഥികൾ എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു. വരണശബളവുമായ വേഷവിധാനങ്ങളുമായി അണിനിരന്ന കുരുന്നുകൾ അതിഥികളെ സ്വീകരിച്ചു. ദേശീയ ഗാനാലാപനം ഖുർ ആൻ പാരായണം എന്നിവയോടെ പരിപാടികൾ ആരംഭിച്ചു. അറബ് രാജ്യങ്ങളുടെ സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന പരിപാടികൾ അരങ്ങേറി.
സ്‌കൂൾ ബാൻഡും സ്കൗട്ടുകളും ഗൈഡുകളും പരിപാടിയിൽ അണിനിരന്നു. രണ്ടും മൂന്നും ക്ലാസ് വിദ്യാർത്ഥികൾ പരിപാടിയുടെ അവതാരകരായി. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ തന്റെ അധ്യക്ഷ പ്രസംഗത്തിൽ സ്‌കൂളിന്റെ പഠന മികവിനെ അഭിനന്ദിച്ചു. കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ അടിത്തറ പാകുന്ന പ്രൈമറി സ്‌കൂൾ അധ്യാപികമാരുടെ സേവനം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. അക്കാദമിക ചുമതലയുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മുഹമ്മദ് ഖുർഷിദ് ആലം റിഫ കാമ്പസ് ടീമിന്റെ ഒത്തൊരുമയെ പ്രശംസിച്ചു. മുഖ്യാതിഥി അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അഹമ്മദ് ജെ അൽ ഹൈക്കി പഠന കാര്യങ്ങളിലും കല കായിക രംഗത്തും ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ പുലർത്തുന്ന മികവിനെ അഭിനന്ദിച്ചു.
പ്രാഥമിക വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് ഊന്നൽ നൽകുന്ന പദ്ധതികൾ ഇന്ത്യൻ സ്കൂൾ നടത്തിക്കൊണ്ടിരിക്കുന്നതായി സ്‌കൂൾ സെക്രട്ടറി സജി ആന്റണി പറഞ്ഞു.
ബഹറിന്റെയും ഇന്ത്യയുടെയും ഊഷ്മളമായ ബന്ധം വർണിക്കുന്ന ഫ്യൂഷൻ നൃത്തം കാണികളെ ഹഠാതാകര്ഷിച്ചു. ഒരു പുതു നവയുഗം എന്ന വാൾട്ടു ഡിസ്‌നി ഗാനം ഇംഗ്ളീഷിലും അറബിയിലും അവതരിപ്പിച്ചു കുരുന്നുകൾ ശ്രദ്ധ ആകർഷിച്ചു. കരുന്നുകൾ തന്നെ പരിപാടിക്ക് നന്ദി പറഞ്ഞു.
14 October 2024