മക്ക-മദീനയിൽ അൽഹറമൈൻ ട്രെയിൻ സർവീസ് ബുധനാഴ്ച ആരംഭിക്കും
സൗദി അറേബ്യ:സൗദിയിൽ താൽക്കാലികമായി നിര്‍ത്തിവെച്ചിരുന്ന മക്ക-മദീന അൽഹറമൈൻ ട്രെയിൻ സർവീസ് ബുധനാഴ്ച പുനരാരംഭിച്ചേക്കും.ജിദ്ദ സ്റ്റേഷനിലുണ്ടായ അഗ്നിബാധയെത്തുടർന്നായിരുന്നു ട്രെയിൻ ഗതാഗതം നിർത്തിവെച്ചിരുന്നത്.ജിദ്ദ വിമാനത്താവളത്തിനടുത്തു പുതുതായി തുറന്ന റെയിൽവേ സ്റ്റേഷൻ പ്രവർത്തിപ്പിച്ചാണ് സർവീസ് പുനരാരംഭിക്കുന്നത്.രണ്ടു മാസങ്ങൾക്കു മുമ്പാണ് ജിദ്ദയിലെ പ്രധാന സ്റ്റേഷനായിരുന്ന സുലൈമാനിയ സ്റ്റേഷൻ വൻഅഗ്നിബാധയിൽ കത്തിനശിച്ചത്.ഇതിനെത്തുടർന്നായിരുന്നു മക്ക-മദീന അൽഹറമൈൻ ട്രെയിൻ സർവീസുകൾ നിർത്തിവെച്ചത്.തീപിടുത്തത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായ സ്റ്റേഷനു പകരം ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനലിനടുത്ത് മറ്റൊരു റെയിൽവേ സ്റ്റേഷൻ പ്രവർത്തിപ്പിച്ചാണ് സർവീസ് വീണ്ടും പുനരാരംഭിക്കുന്നത്. ബുധനാഴ്ച മുതൽ ട്രെയിൻ സർവീസ് പുനരാരംഭിക്കുമെന്ന് അൽ ഹറമൈൻ എക്സ്പ്രസ് ട്രെയിൻ ഡയറക്ടർ ജനറൽ എഞ്ചിനീയർ റയാൻ അൽഹർബി അറിയിച്ചു.തുടക്കത്തിൽ മദീനയിൽ നിന്നും റാബഗ് വഴി ജിദ്ദയിലെ പുതിയ സ്റ്റേഷൻ വരെയും തിരിച്ചുമായിരിക്കും ട്രെയിൻ സർവീസുകളുണ്ടാവുക.സർവീസുകൾ മക്കയിലേക്ക് നീട്ടുന്നതിനായി ഒരാഴ്ചകൂടി കാത്തിരിക്കേണ്ടിവരും.ആഴ്ചയിൽ തിങ്കൾ,ചൊവ്വ ഒഴികെ 5 ദിവസങ്ങളിൽ തുടർച്ചയായ സർവീസുകളുണ്ടാവും.ദിവസേന 5 വീതമായിരിക്കും മദീനക്കും ജിദ്ദക്കുമിടയിൽ സർവീസുകൾ നടത്തുക. രാവിലെ 6.45,10,45 ഉച്ചക്ക് 12.45,2.45 വൈകുന്നേരം 6.45 എന്നീ സമയങ്ങളിൽ ജിദ്ദയിൽ നിന്നും ട്രെയിൻ മദീനയിലേക്ക് പുറപ്പെടും. രാവിലെ 7.15,10.15 ഉച്ചക്ക് 12.15,2.15 വൈകുന്നേരം 6.15 എന്നീ സമയങ്ങളിൽ മദീനയിൽ നിന്നും ജിദ്ദയിലേക്കും സർവീസുകളുണ്ടാവും.
ജിദ്ദക്കും മദീനക്കുമിടയിൽ രണ്ടേകാൽ മണിക്കൂറായിരിക്കും യാത്രാസമയം.6 ബോഗികളിലായി 519 മീറ്റർ നീളത്തിൽ ഒരേസമയം രണ്ടു ട്രെയിനുകൾക്കും ഇരട്ട ട്രെയിനുകളിലായി മൊത്തം 832 യാത്രക്കാർക്കും ഒരേ സമയം ജിദ്ദയിലെ പുതിയ സ്റ്റേഷൻ ഉപയോഗപ്പെടുത്താൻ സാധിക്കും.ഇപ്രകാരം വർഷത്തിൽ 20 ദശലക്ഷം യാത്രക്കാർക്ക് പുതിയ സ്റ്റേഷൻ ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
4 April 2025